04:27am 07 November 2026
NEWS
വി.എസ്സുമായുള്ള എന്റെ ആത്മബന്ധം സി.പി.എമ്മിലെ പിണറായി പക്ഷക്കാരെ എന്റെ ശത്രുക്കളാക്കി മാറ്റി: പി.സി ജോർജ്
08/08/2025  06:55 PM IST
വി.എസ്സുമായുള്ള എന്റെ ആത്മബന്ധം സി.പി.എമ്മിലെ പിണറായി പക്ഷക്കാരെ എന്റെ ശത്രുക്കളാക്കി മാറ്റി: പി.സി ജോർജ്

1980 ൽ ഞാൻ ആദ്യമായി നിയമസഭാംഗമാകുമ്പോൾ എല്ലാ രാഷ്ട്രീയ നേതാക്കളെയും പരിചയപ്പെട്ടതുപോലെ വി.എസ്സിനെയും കണ്ടിരുന്നുവെങ്കിലും ഞാൻ പ്രതിനിധീകരിച്ചിരുന്ന ജോസഫ് വിഭാഗം എൽ.ഡി.എഫിന്റെ ഭാഗമായതോടെയാണ് വി.എസ്സ് നെ അടുത്തുറിയാനും, അദ്ദേഹത്തിന്റെ സമരപോരാട്ടങ്ങളിൽ പങ്കാളിയാകുവാനും കഴിഞ്ഞത്. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞ നാളുകൾ എന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വലിയ ഊർജ്ജമാണ് പകർന്ന് നൽകിയിട്ടുള്ളത്. മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയ ഉടനെ തന്നെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി അദ്ദേഹം രംഗത്ത് വന്നു. അന്ന് നൂറ് കണക്കിന് അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും കയ്യേറ്റങ്ങൾക്ക് തടയിടാനും അദ്ദേഹത്തിന് കഴിഞ്ഞെങ്കിലും പിന്നീട് ഭരണം കയ്യാളിയവരുടെ അവധാനതയിൽ വീണ്ടും കയ്യേറ്റങ്ങൾ ഉണ്ടായി. മതികെട്ടാൻ മലനിരകളിലേക്ക് വി.എസ്സി ന്റെ കയ്യും പിടിച്ച് നടന്ന് കേറിയ നാളുകൾ ഒരിക്കലും മറക്കാത്ത ഓർമ്മകളായി മനസ്സിൽ തങ്ങിനിൽക്കുന്നു. ചെറുപ്പക്കാരനായ ഞാൻ മലകേറി തളർന്നിരുന്നപ്പോഴും എന്നേക്കാൾ പ്രായമേറെയുള്ള വി.എസ്സ് ഊർജ്ജസ്വലതയോടെ മലകൾ ഓടിക്കയറി. കയ്യേറ്റക്കാർ കൈവശമാക്കിയ ആയിരത്തോളം ഏക്കർ ഭൂമി തിരിച്ചുപിടിച്ച് സർക്കാർ വനഭൂമിയാക്കി മാറ്റാൻ വി.എസ്സിന്റെ മതികെട്ടാൻ സമരത്തിലൂടെ കഴിഞ്ഞു. മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണിയുടെ ശക്തമായ ഇടപെടലും ഈ കാര്യത്തിൽ ഉണ്ടായി. പീരുമേട്ടിൽ പട്ടിണിമൂലം 9 വയസ്സുള്ള ബാലിക ആത്മഹത്യ ചെയ്ത വിവരം ഞാനാണ് അദ്ദേഹത്തെ നേരിട്ട് അറിയിച്ചത്. ഉടനെതന്നെ പീരുമേട്ടിലെ പട്ടിണിമേഖലയിലേക്ക് ഒരുലോഡ് അരിയുമായിട്ടാണ് അദ്ദേഹം എത്തിയത്. എന്നെക്കൊണ്ടും ഒരുലോഡ് അരി സംഘടിപ്പിച്ച് അതെല്ലാംകൂടി പാവങ്ങൾക്ക് വിതരണം ചെയ്ത് മരിച്ച ബാലികയുടെ വീടും സന്ദർശിച്ച് വാഗമൺ വഴി മടങ്ങിയ വി.എസ്സ് വാഗമൺ റോഡിന് തടസ്സമായി നിന്നിരുന്ന മണർകാട്ട് ഗ്രൂപ്പിന്റെ തോട്ടത്തിലെ കയ്യാല പൊളിപ്പിച്ചു മാറ്റി നാട്ടുകാർക്ക് വഴി തുറന്ന് കൊടുത്തു. വാഗമൺ സ്‌കൂളിൽ എത്തിയപ്പോൾ കുട്ടികൾ യൂണിഫോം വേണമെന്ന് പറഞ്ഞതിന് മറുപടിയായി നിങ്ങളുടെ അയൽവാസിയായ ജോർജ് അത് നൽകുമെന്ന് പറഞ്ഞ് എന്നെക്കൊണ്ട് കുട്ടികൾക്ക് യൂണിഫോം ഉണ്ടാക്കിച്ച് കൊടുത്തു. ജനങ്ങളുടെ വേദനയിൽ മനസ്സലിയുന്ന നേതാവായിരുന്നു വി.എസ്സ് .

ഞാൻ ജനിക്കുന്നതിന് മുമ്പാണ് വി.എസ്സ് എന്റെ നാടായ പൂഞ്ഞാറ്റിൽ ഒളിവിടം തേടിയെത്തിയത്. ആലപ്പുഴയിലെ സമരങ്ങളുടെ പേരിൽ കേസ്സിൽപ്പെട്ട് പോലീസ് തെരഞ്ഞ് തുടങ്ങിയപ്പോൾ ബുദ്ധിമാനായ വി.എസ്സ് ക്രൈസ്തവ കേന്ദ്രവും കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ താവളവുമായ പൂഞ്ഞാറിൽ പോലീസ് തന്നെ തിരയുകയില്ലെന്ന് കരുതിയാണ് പൂഞ്ഞാറിലെ വാലാനിക്കൽ വീട്ടിൽ ഒഴിവിൽ കഴിഞ്ഞത്. ദിവസേന 2 നേരം കുളിക്കുന്ന ശീലമുള്ള അദ്ദേഹത്തെ കുളിക്കടവിൽ വെച്ച് ആരോ കണ്ടാണ് വിവരം ചോർന്ന് പോലീസ് പിടിയിലായത്. അന്ന് പോലീസ്‌സ്റ്റേഷൻ ഉണ്ടായിരുന്നത് പാലായിലായിരുന്നു. പൂഞ്ഞാർ മുതൽ പാലാ വരെ വി.എസ്സ് നെ നടത്തിക്കൊണ്ട് പോകുകയും, വഴിനീളെ മർദ്ദിക്കുകയും ചെയ്തു. പാലാസ്റ്റേഷനിൽ വച്ച് കാലിൽ ബയണറ്റ് കുത്തിക്കയറ്റി. വി.എസ്സിന്റെ രാഷ്ട്രീയ ജീവിതത്തിലെ നിർണ്ണായക ദിനങ്ങളായിരുന്നു പൂഞ്ഞാറിലെ ഒളിവുജീവിതവും പിന്നീട് നേരിട്ട കൊടിയ മർദ്ദനങ്ങളും. പൂഞ്ഞാറിന്റെ പ്രതിനിധി എന്ന നിലയിലും കൂടിയാണ് അദ്ദേഹം എന്നോട് വാൽസല്യം കാട്ടിയത്. 

നിലപാടുകളിൽ ദൃഢതയും സത്യസന്ധതയും പുലർത്തിയിരുന്ന വി.എസ്സ് എൽ.ഡി.എഫിൽ നിന്ന് ഞാൻ പുറത്തായ ശേഷവും എന്നോടുള്ള സൗഹൃദം തുടർന്നിരുന്നു. ഞാൻ സ്വതന്ത്രനായി പൂഞ്ഞാറിൽ മത്സരിച്ച് ജയിച്ച തെരഞ്ഞെടുപ്പിൽ പൂഞ്ഞാറിലെ ഇടത് സ്ഥാനാർത്ഥിയായിരുന്ന പി.സി ജോസഫിന് വേണ്ടി വി.എസ്സ് മുണ്ടക്കയത്ത് നടത്തിയ തെരഞ്ഞെടുപ്പ് പ്രസംഗം ഫലത്തിൽ എനിക്കാണ് ഗുണം ചെയ്തത്. യോഗത്തിൽ ഇടതുമുന്നണിയെപ്പറ്റി വിശദമായി പറഞ്ഞ വി.എസ്സ് തൊടുപുഴക്കാരനായ ഇടത് സ്ഥാനാർത്ഥി പി.സി ജോസഫിനെ വേദിയിൽ ഇരുത്തിക്കൊണ്ട് നാടിന്റെ സ്പന്ദനങ്ങൾ അറിയുന്നവനെയും നാട്ടുകാർ അറിയുന്നവനെയുമാണ് വിജയിപ്പിക്കേണ്ടതെന്ന് പറഞ്ഞ് നിങ്ങളുടെ വോട്ടുകൾ എല്ലാം പി.സി ക്ക് നൽകണമെന്ന് മാത്രം പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്. ഞാനും വി.എസ്സും ആയുള്ള ബന്ധം അറിയാവുന്ന പത്രക്കാർ പുറകെ ഓടിച്ചെന്ന് ഏത് പി.സി ക്കാണ് വോട്ട് നൽകേണ്ടത് എന്ന് ചോദിച്ചപ്പോൾ അത് ജനത്തിന് അറിയാം എന്ന് പറഞ്ഞ് അദ്ദേഹം കാറിൽ കയറിപ്പോയി. 

അന്ന് 'ദേശാഭിമാനി'യിൽ പോലും വി.എസ്സ് ജോർജിന് അനുകൂലമായി പ്രസംഗിച്ചെന്ന് വാർത്ത വന്നു. വി.എസ്സുമായുള്ള എന്റെ ആത്മബന്ധം സി.പി.എം ലെ പിണറായി പക്ഷക്കാരെ എന്റെ ശത്രുക്കളാക്കി മാറ്റി. ഷാജഹാനെപ്പോലുള്ള വി.എസ്സ് ന്റെ അടുപ്പക്കാരുടെ ജീവനുപോലും ഭീഷണി ആകും വിധം പാർട്ടിയിലെ ശത്രുത വളർന്നിരുന്നു. എന്റെ പാർട്ടിയിൽ പിളർപ്പുണ്ടാക്കുവാനും ഇടത് മുന്നണിയിൽ നിന്ന് എന്നെ പുറത്താക്കുവാനും ശക്തരായ പിണറായി പക്ഷത്തിന് കഴിഞ്ഞു. നിസ്സഹനായ വി.എസ്സ് ന് എനിക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. റ്റി.പി ചന്ദ്രശേഖരനെ മൃഗീയമായി കൊലപ്പെടുത്തിയപ്പോൾ പാർട്ടിനേതൃത്വത്തെ വക വെയ്ക്കാതെ ചന്ദ്രശേഖരന്റെ വീട്ടിൽ ഓടിയെത്തി ഭാര്യ രമയെ ആശ്വസിപ്പിച്ച വി.എസ്സിന് ഒപ്പമായിരുന്നു കേരളീയ സമൂഹത്തിന്റെ മനസാക്ഷി. മനുഷ്യസ്‌നേഹിയായ ആ കമ്മ്യൂണിസ്റ്റിന്റെ പാദസ്പർശമേറ്റ പൂഞ്ഞാറിലെ അദ്ദേഹത്തിന്റെ ഒളിവിടത്തിൽ കൂടിയുള്ള റോഡിന് അച്യുതാനന്ദൻ റോഡെന്ന് പേര് നൽകി അദ്ദേഹത്തിനെക്കൊണ്ട് ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ എനിക്ക് ചാരിതാർത്ഥ്യമുണ്ട്. 

കുറെ വർഷങ്ങളായി രോഗബാധിതനായി പൊതുജീവിതത്തിൽ നിന്ന് വിട്ടുനിന്നിരുന്ന അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾ ജനഹൃദയങ്ങളിൽ ഉണ്ടായിരുന്നുവെന്നതിന്റെ തെളിവാണ് അദ്ദേഹത്തെ യാത്ര അയയ്ക്കാൻ എത്തിയ വൻ ജനസഞ്ചയം. ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ എതിർത്തിരുന്നവരുടെ ഉറക്കം കെടുത്തുംവിധമായിരുന്നു സ്ത്രീകളും യുവാക്കളും അടങ്ങിയ ആയിരങ്ങൾ അന്ത്യാഭിവാദ്യങ്ങൾ അർപ്പിക്കാൻ ഒഴുകിയെത്തിയത്. രോഗക്കിടക്കയിലാകും വരെ അദ്ദേഹവുമായി ബന്ധപ്പെടുവാനും ഉപദേശനിർദ്ദേശങ്ങൾ സ്വീകരിക്കുവാനും കഴിഞ്ഞത് ഭാഗ്യമായി ഞാൻ കരുതുന്നു. മനുഷ്യസ്‌നേഹിയായ ഈ പോരാളിക്ക് പകരം വെയ്ക്കാൻ ഇന്ന് ഈ കേരളത്തിൽ ആരും ഇല്ല. 
അദ്ദേഹത്തിന്റെ ദീപ്തസ്മരണക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img